Thursday

Weekend Reflection - 6

 അധ്യാപന പരിശീലനം അധ്യാപക വിദ്യാർത്ഥികൾക്ക് അവരെ സ്വയം വിലയിരുത്തുവാനും സ്വന്തം ശക്തിയും പോരായ്മകളും തിരിച്ചറിയുവാനും ഉള്ള ഒരു സുവർണ്ണ അവസരമാണ്.  ഭാവിയിൽ മികച്ച അധ്യാപകരായി പരിവർത്തനപ്പെടുവാൻ ആവശ്യമായ കഴിവും അറിവും ധാരണയും വികസിപ്പിക്കുവാൻ ഈ പരിശീലന കാലഘട്ടം സഹായിക്കുന്നു. മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലന കാലഘട്ടത്തിലെ മറ്റൊരുവാരം കൂടി പൂർത്തിയാക്കുവാൻ സാധിച്ചു. നാല് പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഈ വാരത്തിൽ ഉണ്ടായിരുന്നത്. സ്കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും പിന്തുണയും പങ്കാളിത്തവും നൽകുകയും ചെയ്തു.  ക്ലാസ്സിൽ അവതരിപ്പിച്ച എല്ലാ പഠന ആശയങ്ങൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ കൃത്യമായി നടത്തിയിരുന്നു. പഠന ആശയത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ ആശയങ്ങളുടെ അവതരണരീതി എന്നിവയിലെല്ലാം തന്നെ ആവശ്യമായ ശ്രദ്ധ പുലർത്തിയിരുന്നു. സംഘന്വേഷണ മാതൃക ക്ലാസെടുക്കുവാൻ സാധിച്ചത് ഒരു പുതിയ അനുഭവമായി മാറി.  

 പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനയാത്ര പോയിരുന്നതിനാൽ സ്കൂളിൽ പൊതുവേ അധ്യാപകരുടെ ലഭ്യത കുറവ് ഉണ്ടായിരുന്നു. ഈ ആഴ്ചയിൽ ധാരാളം സബ്സ്റ്റിറ്റ്യൂഷൻ ക്ലാസുകളും ലഭിച്ചിരുന്നു.



ഗാന്ധിജയന്തി ദിനവുമായി അനുബന്ധിച്ച് ഈ വാരത്തിൽ സ്കൂളിൽ ഒരു സ്പെഷ്യൽ അസംബ്ലി നടത്തിയിരുന്നു. പ്രാർത്ഥനയും വാർത്തയും ചിന്താവിഷയവും ഉൾപ്പെട്ട അസംബ്ലിയിൽ പ്രധാന അധ്യാപിക വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഉപജില്ലാ കായികമേള വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. 

 അന്തർദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് ഒരു അവബോധ ക്ലാസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയിരുന്നു. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായാണ് 2012 മുതൽ ഐക്യരാഷ്ട്ര സംഘടന ഇങ്ങനെ ഒരു ദിനം ആചരിച്ചു തുടങ്ങിയത്.



കേരള സർക്കാരിൻറെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻസ് ഭാഗമായി സമപ്രായക്കാരുടെ ബന്ധം എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കപ്പാസിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം നടത്തിയിരുന്നു. 

 പരിസ്ഥിതി സംരക്ഷണത്തിനും പഠിതാക്കളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും ആയി രൂപകൽപ്പന ചെയ്ത സ്കൂൾ ശുചിത്വ ക്ലബ് അംഗങ്ങളുടെ ഒരു മീറ്റിംഗ് ഈ വാരത്തിൽ നടക്കുകയുണ്ടായി. സ്കൂളിലെ പ്ലാസ്റ്റിക് നിക്ഷേപവും ശുചിമുറിയിലെ ശുചിത്വ കുറവുമായിരുന്നു ചർച്ച വിഷയം. മീറ്റിങ്ങിന്റെ ഫലമായി ശുചിത്വം കൃത്യമായി പാലിക്കാത്ത ക്ലാസിന് ബ്ലാക്ക് സ്റ്റാർ സ്ഥാനം നൽകുവാൻ തീരുമാനിച്ചു.



അധ്യാപന പരിശീലന കാലഘട്ടത്തിലെ ഓരോ ദിനങ്ങളും വ്യത്യസ്തങ്ങളായ അനുഭവങ്ങളും പ്രതിഫലനങ്ങളും നൽകുന്നു. ഓരോ ദിവസവും പിന്നിടുമ്പോഴും കൂടുതൽ മെച്ചപ്പെടുവാൻ സാധിക്കുന്നു എന്ന് തോന്നൽ മനസ്സിന് സന്തോഷവും ആത്മവിശ്വാസവും നൽകുന്നു. കൂടുതൽ ക്രിയാത്മകമായി വരും ദിവസങ്ങളിൽ ക്ലാസുകൾ എടുക്കണം എന്ന് ആഗ്രഹവും മനസ്സിൽ ഉദിച്ചു.