Friday

Weekend Reflection -2

അധ്യാപന പരിശീലനത്തിന്റെ ഓരോ ഘട്ടവും ഓരോ ദിനങ്ങളും കടന്നുപോകുന്തോറും സ്വന്തം കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള അവസരമാണ് ലഭിക്കുന്നത്. ആശയങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കുവാനും ക്ലാസ് മുറിയിലെ വിദ്യാർത്ഥികളെ നിയന്ത്രിക്കുവാനുമുള്ള പ്രാപ്തി ദിനംപ്രതി വർദ്ധിക്കുന്നതായി തോന്നാറുണ്ട്. മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ അധ്യാപന പരിശീലനത്തിന്റെ മറ്റൊരു വാരം കൂടി പൂർത്തിയാക്കുവാൻ സാധിച്ചു.  ലെസ്സൺ പ്ലാൻ പ്രകാരമുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുകയും സ്കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു.

     പഠന ആശയങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട ആവശ്യമായ തയ്യാറെടുപ്പുകൾ ചെയ്തിരുന്നു. ക്ലാസ്സിൽ അവതരിപ്പിച്ച എല്ലാ ആശയങ്ങൾക്കും പിന്നിൽ കൃത്യമായ ആസൂത്രണവും മുന്നൊരുക്കങ്ങളും ഉണ്ടായിരുന്നു.   ആശയങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു. പഠന ആശയ അവതരണത്തിൽ തെറ്റുകൾ വരാതെ പരമാവധി ശ്രദ്ധ നൽകിയിരുന്നു. മുൻ ക്ലാസുകളിൽ നിന്നും ലഭിച്ച അനുഭവങ്ങളെ മുൻനിർത്തി കൊണ്ടാണ് ഈ വാരത്തിലെ എല്ലാ ക്ലാസ്സുകളും എടുത്തത്.  


ഈ വാരത്തിൽ ഉടനീളം കൊല്ലം ജില്ലാ കലോത്സവം നടക്കുകയായിരുന്നതിനാൽ അധ്യാപകരുടെ ദൗർലഭ്യം ഉണ്ടായിരുന്നു. അധ്യാപകർ മത്സരാർത്ഥികളോടൊപ്പം വിവിധ വേദികളിൽ അവർക്കാവശ്യമായ പിന്തുണ നൽകുവാൻ പോയിരുന്നു. ഈ അവസരങ്ങളിൽ എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും സജീവമായ പിന്തുണയും പങ്കാളിത്തവും നൽകിയിരുന്നു. മത്സരാർത്ഥികളുടെ പരിശീലന സമയങ്ങളിൽ പ്രധാന അധ്യാപികയുടെ നിർദ്ദേശപ്രകാരം മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.

 


 സ്കൂൾ  ലൈബ്രറിയിൽ ഒരു റീഡിങ് കോർണർ സ്ഥാപിക്കുന്നതും ആയി ബന്ധപ്പെട്ട ഉപകരണങ്ങളുടെ കൃത്യമായ കണക്കെടുത്തുകൊണ്ട് അവയെ അടുക്കിവെക്കുവാൻ ലൈബ്രറി ചുമതലയുള്ള മലയാളം അധ്യാപിക സൂസൻ ടീച്ചറിനെ സഹായിച്ചിരുന്നു. ലൈബ്രറി നവീകരണത്തിൽ ടീച്ചർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. അധ്യാപന പരിശീലന കാലഘട്ടം എല്ലാതരത്തിലും ഒരു അധ്യാപക വിദ്യാർത്ഥിയെ മികച്ച അധ്യാപികയാക്കി മാറ്റുവാൻ പ്രാപ്തയാക്കുന്നു. ഒരു അധ്യാപികയുടെ വ്യത്യസ്തങ്ങളായ ചുമതലകളെ കുറിച്ച് ഈ പരിശീലന പരിശീലന കാലയളവിൽ തിരിച്ചറിയുവാൻ സാധിച്ചു . ഒരുപാട് പുതിയ അറിവുകളും പാഠങ്ങളും അനുഭവങ്ങളും നേടിയെടുക്കുവാൻ ഈ പരിശീലന കാലഘട്ടം വളരെയധികം സഹായകമായി.